Sunday, November 25, 2007

ആറേശ്വരം പുനര്‍ജ്ജനിയില്‍ ആളു കുടുങ്ങി


പാവം രാഹുല്‍. നമ്മുടെ ഈ പോസ്റ്റ് വായിച്ചിരുന്നേല്‍ അദ്ദേഹത്തിന് ഈ ഗതി വരുമായിരുന്നോ??
ഫോട്ടോക്ക് കടപ്പാട്: ശ്രീ. സച്ചിന്. (പണ്ടത്തെ ആല്‍ത്തറ സാക്ഷാല്‍ ‘മിന്നല്‍’ ന്)

Friday, October 12, 2007

ചില ബ്ലോഗ് വിശേഷങ്ങള്‍

കഴിഞ്ഞ കുറേക്കാലങ്ങളായി ആരോടൊക്കെയാണ്‌ നന്ദി പറയേണ്ടതെന്ന കണ്‍ഫൂഷനിലാണ്‌ ഞാന്‍. കൃത്യമായി പറഞ്ഞാല്‍ 2005 സെപ്റ്റംബര്‍ മാസം മുതലിങ്ങോട്ട്‌!

അന്നുമുതലാണ് എടത്താടന്‍ കോന്നി മകന്‍ അയ്യപ്പന്‍ വക രാമന്‍ വക വിശാലന്‍ എന്ന ഈ ഞാന്‍ സ്വന്തമായി ഒരു മലയാളം ബ്ലോഗ്‌ തുടങ്ങി എന്ന പുണ്യപരിപാവനമായ കര്‍മ്മം തുടങ്ങുന്നത്.

കുടുംബം, ജോലി, പത്ര പാരായണം, വെള്ളിനക്ഷത്രം, ഫയര്‍ തുടങ്ങിയ വായനകള്‍, ആത്മപ്രശംസ, പാരവയ്പ്പ്‌, അത്യാവശ്യം പരദൂഷണം, ഫ്രീ ഉപദേശം, അപ്പനുവിളി, എന്നിങ്ങനെ ജീവിതത്തിലെ ടിപ്പിക്കല്‍ എന്‍ജോയ്മെന്റുകളില്‍ ഒതുങ്ങി കൂടി ജീവിച്ച്‌ വരവേയാണ്‌ ഫുജൈറയിലുള്ള അനിലേട്ടന്‍,

'ഹേ കൊടകരക്കാരാ...ഒരു ബ്ലോഗ്‌ തുടങ്ങി, പഴയ കൊടകര പുരാണം ഒന്നെഴുതരുതോ? പഴയ വിശ്വവും സിബുവും എല്ലാം ഉണ്ടവിടെ' എന്ന് പറയുന്നത്‌.

പിന്നീട്‌ ഒരാഴ്ച അനിലേട്ടന് ത്വയിരം കിട്ടിയിട്ടില്ല. ആള്‍ ഉറങ്ങുകയാണോ ഉണ്ണുകയാണോ എന്നൊന്നും ഓര്‍ക്കാതെ രാവുപകല് തലങ്ങും വിലങ്ങും വിളിയായിരുന്നു. ഒരു നഴ്സറി വിദ്യാര്‍ത്ഥിക്ക്‌ ക്ലാസെടുക്കും പോലെ അനിലേട്ടന്‍ എനിക്ക്‌ പറഞ്ഞു തന്ന കാര്യങ്ങള്‍ കൊണ്ട് അങ്ങിനെ ഞാന്‍ ഒരു ബ്ലോഗുണ്ടാക്കി. അതില്‍ ആദ്യത്തെ പോസ്റ്റുമിട്ടു. 'മൂരിച്ചന്ത'.

1999-2000 ല്‍ കേരള.കോം എന്ന സൈറ്റിലെ മലയാളം ഗസ്റ്റ്‌ ബുക്കില്‍ ആദ്യമായി കൊടകരപുരാണം എഴുതുന്ന കാലത്ത് , അവിട ഞാനേറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന വ്യക്തിത്വമായിരുന്നു 'വിശ്വപ്രഭ'.

മൂരിച്ചന്ത കണ്ട്,

'വിശാലമനസ്കാ...എത്ര നാളായി ഞങ്ങള്‍ കാത്തിരിക്കുന്നു. രാമനെ കാത്തിരിക്കുന്ന അഹല്യ കല്ലു പോലെ. വരൂ... ഞങ്ങളെ ധന്യരാക്കൂ' എന്നൊരു കമന്റിട്ടു.

അഞ്ചുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹം എന്നെ ഓര്‍ക്കുന്നുവെന്നറിഞ്ഞപ്പോള്‍ തോന്നിയ സന്തോഷം കൊണ്ട്‌ പത്തുമണിയുടെ ചായ ഞാന്‍ കുടിച്ചില്ല, ഉച്ചക്ക്‌ ചോറുമുണ്ടില്ല. (വൈകീട്ട്‌ അതിന്റെ കൂടെ ക്ഷീണം തീര്‍ത്ത്‌ കഴിച്ചിരുന്നു... എങ്കിലും)

അതൊരു ഒന്നൊന്നര ബഹുമതിയായിരുന്നു എനിക്ക്‌. അവാര്‍ഡിനേലും വലിയ ഒന്ന്. അങ്ങിനെയായിരുന്നു എന്റെ ബ്ലോഗിങ്ങ്‌ ലൈഫിന്റെ തുടക്കം.

പിന്നീട്, ഡ്യൂടൈം ആയിട്ടും പറ്റിയ ഒരിടം തരപ്പെടാത്തതുകൊണ്ട് മുട്ട ഡെലിവറി ചെയ്യാന്‍‍ പറ്റാതെ വിഷമിച്ച്‌ നടക്കുന്ന പിടയെ പോലെ നടന്നിരുന്ന ഞാന്‍ ബ്ലോഗിങ്ങ്‌ എന്ന ഇന്റര്‍നെറ്റിന്റെ അതിനൂതന ആത്മപ്രകാശന വേദിയുടെ അനന്തസാദ്ധ്യതയില്‍ ചറപറാ മുട്ടയിട്ടു..മത്യാവണവരെ! നേരവും കാലവും അവിടെയും നോക്കിയില്ല.

ഞാന്‍ പറയുന്നതും എഴുതുന്നതും വെറും തരം താണ ഈച്ച വിറ്റുകളാണെന്നും അത്‌ വായിച്ചാല്‍ "ഇവന്‍ എന്തിറ്റൊക്ക്യാ ഈ എഴുതിയേക്കണത്? ഛേ!' എന്നും പറയുമെന്ന എന്റെ ഇന്‍ഫീരിയോരിറ്റി കോംബ്ലക്സിനെ തോട്ട വച്ച് തകര്‍ത്തുകൊണ്ട്‌, ബൂലോഗത്തിലെ വിദ്യാസമ്പന്നരും ഭാഷാവിദഗ്ദരും എഴുത്തുകാരും ആശംസകളുടെ ജമന്തിപ്പൂമാല വലിച്ച്‌ പൊട്ടിച്ച്‌ എന്റെ തലയിലേക്കെറിഞ്ഞു.

എന്റെ തലയിലും മേലും വീണ‌ ആ അല്ലികളില്‍ സ്‌നേഹത്തിന്റെയും സൌഹൃദത്തിന്റെയും ഒരു വസന്തം തന്നെ ഞാന്‍ കണ്ടു. അതാണ്... അതൊന്നുമാത്രമാണ് ഇതെഴുതിക്കാന്‍ പോന്ന ഞാ‍നാക്കിയത്.

വിഷുവിനും ശങ്കരാന്തിക്കും നാലും മൂന്നും ഏഴു ഈമെയില്‍ വന്നിരുന്ന എനിക്ക്‌, പിന്നെ ബ്ലോഗ്‌ സൌഹൃദ മെയിലുകളുടെ ഒരു ഘോഷയാത്ര തന്നെ എന്നെ തേടി വന്നു.

കൊടകരപുരാണം എന്ന പേരില്‍ ഞാനെഴുതിയ എന്റെ ജീവിതത്തിലെ ഇല്യായ്മയുടെയും വല്ലായ്മയുടേയും കാലത്തെ ഷേയ്പ്ലെസ്സായ ചില ഓര്‍മ്മകള്‍ അല്ലറ ചില്ലറ നര്‍മ്മത്തിന്റെ ഒരു ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം ഉപയോഗിച്ച്‌ എഴുതിയപ്പോള്‍ അതിലെ തമാശയെക്കാളുപരി ഒരു സാധാരണക്കാരന്റെ ഇല്ലായ്മയുടെ ചൂടും തണുപ്പും അറിഞ്ഞാണ്‌ എന്റെ കൂട്ടുകൂടിയത്‌, പലരും. (ഇപ്പോള്‍ ഭയങ്കര സെറ്റപ്പാണ്‌ എന്നൊന്നും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. തെറ്റിദ്ധരിക്കരുത്‌).

അതുകൊണ്ട്‌ തന്നെ 'അണ്‍കണ്ടീഷനലായി സ്‌നേഹിക്കാനും സഹായിക്കാനും മനസ്സുള്ള' ലോകത്തിന്റെ നാനാഭാഗത്തു നിന്നും നല്ല കിണ്ണങ്കാച്ചി സൌഹൃദങ്ങള്‍ എനിക്ക്‌ കിട്ടി. അവര്‍ക്കിടയില്‍ ഞാന്‍ വിശാലനും ദുരബലനുമായൊക്കെ ഓടിച്ചാടി നടന്നു.

എന്തെങ്കിലും കാര്യസാധ്യതക്ക് മാത്രം സുഹൃത്തുക്കളെ 'ഉണ്ടാക്കുന്ന' ബിസിനസ്സ് മൈന്റന്മാരുടെ ലോകത്ത് ഇത്തരം പത്തരമാറ്റ് സൌഹൃദങ്ങള്‍ കാണാനും ലഭിക്കാനും കഴിഞ്ഞു എന്നത് തന്നെയാണ് ബ്ല്ലോഗുവഴി എനിക്കുണ്ടായ ഏറ്റവും വലിയ നേട്ടം.

പലരും പലവുരു ‘ഇതൊക്കെ കൂട്ടീ ഒരു പുസ്തകമാക്കൂ’ എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും,

‘കൊടകരപുരാണം പുസ്തകമാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി പരിചയമുള്ള എല്ലാ പ്രസാധകരുമായും ഞാന്‍ ബന്ധപ്പെടാന്‍ പോകുന്നു. വിരോധമുണ്ടോ?’ എന്നും ചോദിച്ച് വന്ന കലേഷിന്റെ മെയിലിന് ശേഷമാണ് അങ്ങിനെയൊരു ആഗ്രഹം തന്നെ എനിക്ക് വന്നത്.

അങ്ങിനെ കലേഷ്, ഉമാ ഗോപിനാഥ്, കുമാറ് എന്നീ ബ്ലോഗ് സൌഹൃദങ്ങളുടെ ശ്രമഫലമായി, എല്ലാ ബ്ലോഗ് സുഹൃത്തുക്കളുടെയും അനുഗ്രഹത്തോടെ, മുഖ്യധാരാ എഴുത്തില്‍ ഒരിക്കലും എത്തി നോക്കാത്ത, മരുന്നിന്‌ പോലും ഒരു പ്രസിദ്ധീകരണത്തിലെഴുതാത്ത അപ്രശസ്തരില്‍ അപ്രശസ്തനായ ഈ എന്റെ, കുറിപ്പുകള്‍ 'കൊടകരപുരാണം' എന്നൊരു പുസ്തകമാക്കി, തൃശ്ശൂര്‍ കറന്റ്‌ ബുക്സ്‌ പുറത്തിറക്കി!

കൊടകരപുരാണം പുസ്തകം, കൊടകരയില്‍ ഞാന്‍ കണ്ട, അല്ലെങ്കില്‍ കാണാതിരുന്ന ചില കഥകളുടെ കളക്ഷനായല്ല, മലയാളം ബ്ലോഗേഴ്സിന്റെ നിസ്വാരത്ഥ സൌഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും ഒരു തെളിവായിട്ടാണ് ഞാനതിനെ കാണുന്നത്.

ഇതിന് ആരോടൊക്കെയാ ഞാന്‍ നന്ദി പറയുക?? പക്ഷെ, ഒരുകാര്യം ഉറപ്പാണ്. നന്ദി പറയുന്നവരുടെ കൂട്ടത്തില്‍ ദൈവമൊഴിച്ച് ബാക്കിയെല്ലാം മലയാളം ബ്ലോഗര്‍മാരാണ്!

ഇനി മലയാളം ബ്ലോഗിങ്ങിനെ പറ്റി കുറച്ച്:

പുതിയ ഒരെഴുത്തുകാരന്റെ ഏറ്റവും വലിയ പ്രതിസന്ധിയായ, തങ്ങളുടെ രചനകളുടെ വെളിച്ചം കാണല്‍ എന്ന ബാലികേറാമലയെ ഇന്റര്‍നെറ്റ്‌ ബ്ലോഗുകള്‍ എന്ന മീഡിയം ഇന്ന് റോഡിലെ ഹമ്പുകളെപ്പോലെ ചെറുതാക്കി മാറ്റിക്കളഞ്ഞു.

ബന്ധങ്ങളും താല്‍പര്യങ്ങളും പ്രശസ്തിയും ആനുകാലികങ്ങളില്‍ കയറിപ്പറ്റാന്‍ പലപ്പോഴും രചനകള്‍ക്ക് ക്രൈറ്റീരിയയാവുമ്പോള്‍ പുതിയ എഴുത്തുകാര്‍ക്ക് കയറി വരാന്‍ അത്ര എളുപ്പമല്ല. അവിടെയാണ് മലയാള ബ്ലോഗുകളുടെ പ്രസക്തി. പ്രസാധകരുടെയോ പത്രാധിപരുടെയോ പിന്നാലെ പോകാതെ, ഇന്റര്‍നെറ്റ്‌ കണക്ഷനുള്ള ഒരു കമ്പ്യൂട്ടറും അതില്‍ വരമൊഴിയോ മറ്റേതെങ്കിലും മലയാളം സോഫ്റ്റ്വെയറുകളോ ഉണ്ടെങ്കില്‍ ആര്‍ക്കും മറ്റു യാതൊരു ചിലവുകളൊന്നുമില്ലാതെ നമ്മുടെ സ്വന്തം ബ്ലോഗില്‍ എഴുതുക, അത് പോസ്റ്റ് ചെയ്യുക. ഫിനിഷ്!

യൂണിക്കോഡ് സ്റ്റാന്റേഡിലുള്ള മലയാളം ഫോണ്ട് ഉപയോഗിച്ച് ആര്‍ എവിടെ ബ്ലോഗ് പോസ്റ്റ് നടത്തിയാലും അത് കണ്ടുപിടിക്കുന്ന നിരവധി 'അഗ്രഗേറ്ററുകളില്‍' ദാണ്ടെ ദിങ്ങനെ ഒരാള്‍ ഒരു മലയാള പോസ്റ്റ് ചെയ്തിരിക്കുന്നു' എന്ന അറിയിപ്പ് വരുകയായി!! (ഉദാ.. തനിമലയാളം.ഓര്‍ഗ്, മലയാളംബ്ലോഗ്സ്.ഇന്‍, ചിന്ത.കോം, ഇടീസീ...)

ബ്ലോഗില്‍ എഴുതിയ പോസ്റ്റുകള്‍ സ്വന്തം പ്രോര്‍പ്പര്‍ട്ടിയാണല്ലോ. നമുക്ക് വേണമെങ്കില്‍ വീണ്ടും എഡിറ്റ് ചെയ്യാം. വേണമെങ്കില്‍ ഡിലീറ്റ് ചെയ്യാം. അതുമല്ല എങ്കില്‍ ഒരു മനുഷ്യകുഞ്ഞുങ്ങളും അത് വായിക്കണ്ട എന്നാണെങ്കില്‍, അങ്ങിനെയും ബ്ലോഗിന്റെ സെറ്റിങ്ങ്സ് ചെയ്യാവുന്നതാണ്.

ഇന്ന് മലയാളത്തില്‍ ആയിരത്തോളം ബ്ലോഗുകളുണ്ട്‌. നൂറോളം രാജ്യങ്ങളില്‍ പരന്ന് കിടക്കുന്ന പതിനായിരക്കണിക്കിന്‌ വായനക്കാരും. ഒരു പുസ്തകമായി ഇറങ്ങി 1000 കോപ്പികള്‍ വിറ്റാല്‍ വായിക്കപ്പെടുത്തത് മാക്സിമം 50,000 പേരാണെങ്കില്‍, ചില പോപ്പുലര്‍ മലയാളം ബ്ലോഗുകളിലെ ഒരുമാസത്തെ ശരാശരി പേജ് ലോഡ് ഹിറ്റ് 25,000- 30,000 ആണ്. കൊടകര പുരാണംപുസ്തകം വായിച്ച് 5 മാസത്തില്‍ എനിക്ക് കിട്ടിയ പ്രതികരണം അമ്പതോളമാണെങ്കില്‍ ഒരു ബ്ലോഗ് പോസ്റ്റിന് മെയിലായും കമന്റായും ഇമ്മിഡിയറ്റായി ലഭിക്കുന്ന പ്രതികരണം മാത്രം ഇതിനിരട്ടിയാണ് എന്നത് വളരെ വലിയ കാര്യം തന്നെയാണ്.

അതുകൊണ്ട്, എഴുത്തുക്കാരന്റെ പരമമായ ലക്ഷ്യം രചനകള്‍ വായനക്കാരിലെത്തിക്കുക എന്നതാണെങ്കില്‍... ഇന്റര്‍നെറ്റിന്റെ ഈ സാധ്യത മറ്റെന്തിനോടും മുകളിലാണ്. അല്ലെങ്കില്‍ അറ്റ് ലീസ്റ്റ് മറ്റു സാധ്യതകളുമായി, കട്ടക്ക് നില്‍ക്കുന്ന സംഭവം തന്നെയാകുന്നു!

കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിലും ഇന്റര്‍നെറ്റ്‌ വരുന്നതോടെ, മലയാള ബ്ലോഗുകളുടെ പ്രസക്തി ഇനിയും വച്ചടി വച്ചടി കൂടുമെന്ന് തന്നെയാണ്‌ എന്റെ അഭിപ്രായം.

ഒരു പ്രശസ്ത സിനിമാ സംവിധായകന്റെ വാക്കുകള്‍ കടമെടുത്ത്‌ പറയട്ടേ,

"വരട്ടേ..പുതിയ എഴുത്തുകാര്‍! അവര്‍ പുതുമയുള്ള ശൈലിയില്‍ പുതുമയുള്ള കഥകള്‍ പറയട്ടെ... ജപ്തിചെയ്യാറായ തറവാടും ക്ഷയരോഗിയായ അച്ഛനും തളര്‍വാതം പിടിച്ച അമ്മയും കെട്ടിക്കാന്‍ പ്രായമായ പെങ്ങളും ഒളിച്ചോടിപോയി ഭൂമറാങ്ങ്‌ പോലെ തിരിച്ചെത്തിയ മുത്ത സഹോദരിയും തൊഴിലില്ലാത്ത ആങ്ങളയുടെയും കഥകള്‍ കേട്ട് കേട്ട് ബോറടിച്ചു."

എല്ലാവര്‍ക്കും ആത്മസാക്ഷാല്‍ക്കാരത്തിന് സാഹചര്യമൊരുങ്ങട്ടേ...

അതിനായി ഒരു പുത്തന്‍ വേദിയൊരുക്കി മലയാളത്തെ പ്രേമിക്കുന്ന ലോകത്തിന്റെ അങ്ങോളമിങ്ങോളമുള്ള മലയാളികള്‍ നിങ്ങളുടെ രചനകള്‍ക്കായി, അത് ലെഖനമായാലും ഹാസ്യരചനയായാലും കഥയായാലും കവിതയായാലും നോവലായാലും ഫോട്ടോഗ്രഫിയായാലും ചിത്രകലയായാലും ഗാനാലാപനമായാലും പോരട്ടേ...കാത്തിരിക്കുന്നു. സന്തോഷത്തോടെ...സ്‌നേഹത്തോടേ!

(ഇത് മംഗളം ഓണപ്പതിപ്പില്‍ വന്നതാ...)